മനാമ: ബഹ്റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്ര ബഹ്റൈൻ നാഷണൽ തിയേറ്ററിൽ പ്രമുഖ സംഗീതജ്ഞൻ ഡോ. മുബാറക് നജെമിൻ്റെ നേതൃത്വത്തിൽ ‘ആനി റ്റേഡ് മ്യൂസിക്’ എന്ന പേരിൽ ആകർഷകമായ കച്ചേരി അവതരിപ്പിച്ചു. അന്താരാഷ്ട്ര പ്രശസ്തി നേടിയ ആനിമേറ്റഡ് സിനിമകളിൽനിന്നും പരമ്പരകളിൽനിന്നുമുള്ള അറിയപ്പെടുന്ന ട്യൂണുകൾ ഓർക്കസ്ട്ര അവതരിപ്പിച്ചു.
ആനിമേറ്റഡ് ഷോകൾ കുടുംബ വിനോദത്തിൻ്റെ പ്രധാന ഘടകമായിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്ന, ഗൃഹാതുരത്വം ഉണർത്തുകയും പ്രേക്ഷകർക്ക് സന്തോഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന കാർട്ടൂണുകളിൽനിന്നുള്ള ശബ്ദ ട്രാക്കുകളും പരിപാടിയിൽ അവതരിപ്പിച്ചു.
പോലീസ് ബാൻഡിനെ നയിക്കുകയും ബഹ്റൈൻ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ചെയ്ത ഡോ. മുബാറക് നജെം 2022ൽ സ്ഥാപിച്ച ബഹ്റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്ര ബഹ്റൈനിലെ സംഗീത രംഗത്തെ ഒരു പുതിയ യുഗത്തിൻ്റെ പ്രതീകമാണ്. ഓർക്കസ്ട്രയിൽ 100ലധികം സംഗീതജ്ഞരും ഗായകരും ഉൾപ്പെടുന്നു.