മനാമ: ബഹറിനിൽ ഒരു ദശലക്ഷത്തിലധികം കോവിഡ് -19 പിസിആർ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ട്രേസ്, ടെസ്റ്റ്, ട്രീറ്റ്’ എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നാഴികക്കല്ല് പിന്നിടാൻ ബഹ്റൈന് സാധിച്ചതെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സയീദ് അൽസാലെ വ്യക്തമാക്കി. രാജ്യത്തുള്ള 67.5 ശതമാനം പേരിലും പരിശോധനകൾ പൂർത്തീകരിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ പരിശോധനയ്ക്കു വിധേയരായവരുടെ എണ്ണം 10,00,787 ആണ്. പരിശോധന നടത്തിയവരിൽ 4.8 ശതമാനം പേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബഹറിനിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 92.2 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവർത്തകരുടെയും സമർപ്പിത പരിശ്രമത്തിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായതെന്നു ആരോഗ്യമന്ത്രി പറഞ്ഞു.
ബഹറിനിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 47,950 ആണ്. പുതുതായി 369 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം ഭേദമായവർ 357 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി 44,278 ആയി ഉയർന്നു. ആകെ മരണം 179 ആണ്.