
മനാമ: യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്മ പുതുക്കി ബഹ്റൈനിലെ ക്രൈസ്തവ സമൂഹം ഓശാനപ്പെരുന്നാള് ആചരിച്ചു.
മനാമ തിരുഹൃദയത്തിലെ ഓശാനപ്പെരുന്നാള് ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ജോസഫ് മുഖ്യ കാര്‍മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ഫാ. ജോണ്‍ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള, ഫാ. നിക്കോള്‍സണ്‍, ഫാ. വിക്ടര്‍ പ്രകാശ്, ഫാ. ഡാരില്‍ ഫെര്‍ണാണ്ടസ്, ഫാ. അന്തോണി അല്‍മസാന്‍ , ഫാ. ജോസ് എഡ്വേര്‍ഡോ, ഫാ. സെബാസ്റ്റ്യന്‍ ഐസക്, ഫാ. സാബ്രാന്‍ മുഗള്‍, ഫാ. സരോജിത് മണ്ടല്‍, ഫാ. അംബാഗഹഗെ ഫെര്‍ണാണ്ടോ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
ഈസ്റ്ററിനു മുമ്പുള്ള ഞായറാഴ്ചയാണ് ഓശാനപ്പെരുന്നാള് അഥവാ കുരുത്തോലപ്പെരുന്നാള് എന്ന് അറിയപ്പെടുന്നത്. യേശു കുരിശിലേറ്റപ്പെടുന്നതിനു മുമ്പ് ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോള്‍ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, ‘ഓശാന, ഓശാന, ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനങ്ങള്‍ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്.
