മനാമ: ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ഡേ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് നാളെ സമാപനമാകും. ബഹ്റൈന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
100 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര മൽസരത്തിന് പുറമെ 40 കിലോമീറ്ററും 80 കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് യോഗ്യതാ മൽസരങ്ങൾ, ഒരേ ദിവസം 20 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ‘അൽ-അഞ്ജൽ’ റേസ്, 120 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷണൽ റേസ് എന്നിവയാണ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
20 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് നാസറിന്റെ മക്കളായ ഷെയ്ഖ ഷീമ ബിന്ത് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരും പങ്കെടുത്തു. ചാമ്പ്യൻഷിപ്പിലെ കുട്ടികളുടെ മൽസരത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡണ്ട് ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ, ബ്രീഫ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവരും ബഹ്റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
ഭാവിയിലെ ജോക്കികളെ വാർത്തെടുക്കാനുള്ള ഷെയ്ഖ് നാസറിന്റെ ശ്രമങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. ആഴത്തിൽ വേരൂന്നിയ ബഹ്റൈൻ, അറബ് പൈതൃക ഗെയിം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഷെയ്ഖ് നാസർ എൻഡ്യൂറൻസ് കായികവിനോദത്തെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുന്നതിന് നടത്തിയ പരിശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളെയും അദ്ദേഹം അഭിനന്ദിച്ചു.