
മനാമ: ബഹ്റൈനില്‍ കൊതുകുകളുടെയും മറ്റു പ്രാണികളുടെയും വ്യാപനം തടയാന്‍ ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതായി പൊതുജനാരോഗ്യ ഡയറക്ടറേറ്റിലെ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി രജ അല്‍ സലൂം പറഞ്ഞു.
ഈ ശ്രമങ്ങളില്‍ ബഹ്റൈനിലെ ഗവര്‍ണറേറ്റുകളിലുടനീളമുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
വര്‍ഷം മുഴുവന്‍ കൊതുകുകളുണ്ടാകും. എന്നാല്‍ ഈ സീസണില്‍, പ്രത്യേകിച്ച് മഴയ്ക്ക് ശേഷം, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പമുള്ള ഇടങ്ങളിലും കൊതുകുകള്‍ പെരുകുന്നുണ്ട്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് മന്ത്രാലയം കൊതുക് പ്രജനന മേഖലകളെ ചെറുക്കാനും കൊതുകുബാധിത സ്ഥലങ്ങളിലെ പരാതികള്‍ പരിഹരിക്കാനുമായി ഫീല്‍ഡ് കാമ്പയിനുകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
സാമൂഹ്യ ബോധവല്‍ക്കരണത്തിലൂടെയും വീടുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും പ്രതിരോധ നടപടികളിലൂടെയും കൊതുക് പടരുന്നത് തടയാന്‍ പൗരരും താമസക്കാരും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. കണ്ടെയ്നറുകള്‍, ഹോം ഫൗണ്ടനുകള്‍, കാര്‍ ടയറുകള്‍, ശരിയായി അടയ്ക്കാത്ത ഓടകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന ജലം ശ്രദ്ധിക്കണം. കൊതുക് ലാര്‍വകള്‍ വികസിക്കുന്നത് തടയാന്‍ അത്തരം വെള്ളം പതിവായി നീക്കം ചെയ്യണം. കൊതുകുകളുടെയും മറ്റു പ്രാണികളുടെയും വ്യാപനം പരിമിതപ്പെടുത്തുന്നതിന് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.
