
മനാമ: സ്പോര്‍ട്സ് കമന്ററിയിലെ ബഹ്റൈന്‍ പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആദ്യത്തെ ദേശീയ മത്സരമായ കമന്ററി സ്റ്റാര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആരംഭിച്ചു. ക്രിയേറ്റേഴ്സ് ലാബ്, മീഡിയ ടാലന്റ്സ് അവാര്‍ഡിന് കീഴിലുള്ള ഈ മത്സരം ടുമൂഹ് സ്പോര്‍ട്സ് മാനേജ്മെന്റിന്റെയും ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ ബഹ്റൈന്‍ സ്പോര്‍ട്സ് ചാനലാണ് സംഘടിപ്പിക്കുന്നത്.
ബഹ്റൈന്‍ യുവാക്കളെ സ്പോര്‍ട്സ് മീഡിയയില്‍ ശാക്തീകരിക്കുന്നതിനു വേണ്ടിയാണ് മന്ത്രാലയം ഈ മത്സരം നടത്തുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. ഇതിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെയ് 5 മുതല്‍ 20 വരെയാണ് രജിസ്ട്രേഷന്. പത്ത് എപ്പിസോഡുകള്‍ റെക്കോര്‍ഡ് ചെയ്ത് സെപ്റ്റംബറില്‍ പ്രക്ഷേപണം ചെയ്യും. പങ്കെടുക്കുന്നവരെ ഒരു പ്രത്യേക ജൂറി വിലയിരുത്തും.
വിജയിക്ക് ബഹ്റൈന്‍ സ്പോര്‍ട്സ് ചാനലില്‍ കമന്ററി റോളും ഗള്‍ഫ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പൂര്‍ണ്ണ സ്കോളര്‍ഷിപ്പും ഒരു സാമ്പത്തിക അവാര്‍ഡും നല്‍കും. മികച്ച രണ്ടു പേര്‍ക്ക് സാമ്പത്തിക സമ്മാനങ്ങളും തീവ്ര പരിശീലനവും ലഭിക്കും.
