മനാമ: ലോകചരിത്രത്തില്‍ ഏറ്റവും ദീർഘ വർഷക്കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായ ശ്രേഷ്ഠ ഭരണാധികാരി. ദേശവ്യത്യാസമില്ലാതെ, സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേര്‍ത്തുവച്ച ഭരണാധികാരി. ബഹറിൻ മർത്തോമ്മ ഇടവകയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ലഭിച്ച സഹായഹസ്തങ്ങൾ നിസീമമാണ്. ആദരണീയനായ ബഹ്റിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹവിയോഗത്തിൽ ബഹ്റിൻ മാർത്തോമ്മ ഇടവക ആദരാഞ്ജലികൾ അർപ്പിച്ചു.
ബഹ്റിൻ മാർത്തോമ്മ ഇടവക കൈസ്താനസമിതി സൂം വീഡിയോ കോൺഫറൻസിലൂടെ നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ ഇടവക സെക്രട്ടറി റെജി ടി. എബ്രഹാം സന്നിഹിതരായിരുന്ന ഏവർക്കും സ്വാഗതമരുളി. ബഹ്റിൻ മാർത്തോമ്മാ ഇടവക വികാരി റവ. മാത്യു കെ മുതലാളിയുടെ അദ്ധ്യക്ഷതയിലും സഹ. വികാരി റവ. വി.പി.ജോൺ അച്ചന്റെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ ചാക്കോ പി. മത്തായി (ഇടവക വൈസ് പ്രസിഡന്റ്), പ്രദീപ് മാത്യു ( ആത്മായ ശുശ്രുഷകൻ ), ടി.വി. വർഗ്ഗീസ് ( സീനിയർ സിറ്റീസൺ സെക്രട്ടറി ), കുരുവിള വർക്കി (ഇടവകമിഷൻ സെക്രട്ടറി), ജേക്കബ് തോമസ് ( ഗായകസംഘം ലീഡർ) , മേഴ്സി വർക്കി (സൺഡേസ്കൂൾ ഹെഡ് മിസ്ട്രസ് ) , ജിനു സജി (സേവികാസംഘം സെക്രട്ടറി), കെവിൻ ജേക്കബ് വർഗ്ഗീസ് (യുവജനസഖ്യം സെക്രട്ടറി), ചെറിയാൻ എബ്രഹാം (കൈസ്താന സമിതി പ്രതിനിധി) എന്നിവർ അനുശോചനം അറിയിച്ചു. ബഹ്റിൻ മാർത്തോമാ ഇടവക ട്രസ്റ്റി ബിജു കുഞ്ഞച്ചൻ സന്നിഹിതരായിരുന്ന ഏവർക്കും കൃതജ്ഞത അർപ്പിച്ചു.