മനാമ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാര്‍ക്കുമായി ബഹ്റൈൻ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭിച്ചു. രോഗപ്രതിരോധ കുത്തിവയ്പ്പിനായി സമർപ്പിച്ചിരിക്കുന്ന നിരവധി മൊബൈൽ കോവിഡ് -19 വാക്സിനേഷൻ യൂണിറ്റുകളാണ് ബഹ്റൈൻ പുറത്തിറക്കിയിട്ടുള്ളത്. ഇത്തരത്തിലൊരു സംരംഭം ജിസിസിയിൽ തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തി വാക്സിന് നല്കാൻ മെഡിക്കൽ ടീമുകളെ അനുവദിക്കുന്നതാണ് ഈ സംരംഭം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇത് ആരംഭിച്ചത്. മൊബൈൽ യൂണിറ്റിന്റെ സഹായം ആവശ്യമുള്ളവർ ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അതിന്റെ ബിഅവെയർ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം. ലഭിച്ച അപേക്ഷകളെ അടിസ്ഥാനമാക്കി മൊബൈൽ യൂണിറ്റുകൾ രാജ്യമെമ്പാടുമുള്ള സ്ഥലങ്ങളിലേക്ക് അയയ്ക്കും. ഗാർഹിക സന്ദർശനം ഷെഡ്യൂൾ ചെയ്യുന്നതിന് അപേക്ഷകരെയോ അവരുടെ കുടുംബത്തെയോ പരിചാരകരെയോ മൊബൈൽ യൂണിറ്റിലെ ഒരു അംഗം മുൻകൂട്ടി ബന്ധപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മൊത്തം 1.6 ദശലക്ഷം ആളുകൾക്ക് സൗജന്യമായി കുത്തിവയ്പ്പ് നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (കെഎച്ച്യുഎച്ച്), മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ, 27 ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് കുത്തിവയ്പ്പുകൾ നടത്തുന്നത്. കഴിഞ്ഞ മാസം 17 മുതലാണ് ബഹ്റൈൻ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് -19 ന്റെ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. ചൈനയുടെ സിനോഫോം, അമേരിക്കയുടെ ഫൈസര്‍ എന്നീ വാക്സിനുകള്‍ വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാം. വാക്സിന് പൂര്‍ണ്ണമായും സൗജന്യം.ഒരു ലക്ഷത്തിലധികം പേര് ഇതുവരെ രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചു.
ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് മാര്‍ച്ച് അവസാനത്തോടെ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി മറ്റു രണ്ട് വാക്സിന് കൂടി രാജ്യത്തേക്ക് കൊണ്ടുവരാന്‍ ആലോചനയുണ്ട്. ഓക്സഫഡിന്റെ ആസ്ട്ര സെനക, ജോണ്സണ് ആന്റ് ജോണ്സണ് തുടങ്ങിയ വാക്സിനുകളുടെ ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ആപ് വഴി കോവിഡ്-19 വാക്സിനേഷന് അപ്പോയ്മെന്റ് അനുവദിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ബഹ്റൈന്‍. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വാക്സിനേഷന് നിരക്ക് ബഹ്റൈനിലാണ്-100 വ്യക്തികള്‍ക്ക് 3.49 വാക്സിനേഷന് ഡോസ് എന്നതാണ് ബഹ്റൈനിലെ നിരക്ക്.