
മനാമ: ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ നടപ്പാക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി നവാഫ് അല്‍ മാവ്ദ അറിയിച്ചു.
2022 ഡിസംബറിലുണ്ടായ തൊഴില്‍ നിയമനിര്‍മാണത്തിനു ശേഷം ഇതുവരെ ഇത്തരം 5,800ലധികം കേസുകള്‍ നിയമ സംവിധാനങ്ങളിലൂടെ കടന്നുവന്നിട്ടുണ്ടെന്ന് പ്രതിനിധി സഭയില്‍ ബസ്മ മുബാറക്കിന് നല്കിയ രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. അവയില്‍ 4,924 എണ്ണത്തില്‍ അന്തിമ തീര്‍പ്പ് കല്പ്പിച്ചു. 925 എണ്ണം കോടതികളുടെ പരിഗണനയിലാണ്.
ശരാശരി കേസുകള്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കേസ് കൊടുക്കുന്നതോ നേരിടുന്നതോ ആരായാലും ഉന്നയിക്കുന്ന അവകാശവാദങ്ങളുടെയും എതിര്‍പ്പുകളുടെയും അടിസ്ഥാനത്തിലാണ് വിധിന്യായങ്ങള്‍ വരുന്നത്.
കക്ഷികളുടെ ഐഡന്റിറ്റിയോ പദവിയോ പരിഗണിക്കാതെ അവര്‍ ഉള്‍പ്പെട്ട നിയമനടപടികളുടെ അടിസ്ഥാനത്തിലാണ് ഓരോ കേസിലും വിധി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
