മനാമ : ബഹ്റൈനിലെ ഒഐസിസിയുടെയും കെഎംസിസിയുടെയും ജില്ല കമ്മിറ്റികൾ സംയുക്തമായി യുഡിഎഫ് ജില്ല കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലെ മുഴുവൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെയും വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് നടത്തിയ കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎ യുമായ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സ്വജന പക്ഷപാതവും അഴിമതിയും തുടർകഥയാക്കിയ അധോലോക സർക്കാരിനെതിരെ ജനങ്ങൾ വിധി എഴുതുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിലെ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും വാളയാറിലും പാലത്തായിയിലും പിഞ്ചു മക്കളെ പീഡിപ്പിച്ചവരെ രക്ഷപ്പെടുത്തുവാൻ ശ്രമിച്ച പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്യുവാൻ ഇടതുപക്ഷ പ്രവർത്തകർ വരെ മുന്നിട്ടിറങ്ങുന്ന കാഴ്ച്ചയാണ് കേരളത്തിൽ കണ്ടു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ കെഎംസിസി കണ്ണൂർ ജില്ല പ്രസിഡന്റ് മഹ്മൂദ് സ്വാഗതം പറഞ്ഞു. യോഗത്തിൽ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൽ റഷീദ് പ്രഭാഷണം നടത്തി . സ്വന്തം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞു പരസ്യമായി വോട്ട് ചോദിക്കുവാൻ പോലും കഴിയാത്ത വിധം പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ അപഹാസ്യനായി മാറിയിരിക്കുകയാണെന്ന് അബ്ദുൾ റഷീദ് പറഞ്ഞു . യുഡിഎഫിന്റെ മുഴുവൻ സമുന്നതരായ നേതാക്കളും പ്രചാരണവുമായി ജനങ്ങൾക്കിടയിലാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കണ്ണൂർ ജില്ലയിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച കണ്ണൂർ ജില്ല മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ ഖാദർ പറഞ്ഞു. എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫ് സംവിധാനം പ്രവർത്തിക്കുന്നത് അനുകൂല ഘടകമാണെന്നും ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ , ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, കേ എം സി സി സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒ ഐ സി സി ദേശിയ വൈസ് പ്രസിഡൻ്റ് രവി കണ്ണൂർ , കേ എം സി സി സീനിയർ വൈസ് പ്രസിഡൻ്റ് കുട്ടൂസ മുണ്ടേരി തുടങ്ങിയവർ സംസാരിച്ചു. ഒ ഐ സി സി യുടെയും കെ എം സി സിയുടെയും സംസ്ഥാന ജില്ലാ ഭാരവാഹികൾ, പ്രവർത്തകർ പങ്കെടുത്തു . ഒ ഐ സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബി ജേഷ് ബാലൻ , ട്രഷറർ അനീഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി . കെ എം സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റഊഫ് മാട്ടൂൽ നന്ദി പറഞ്ഞു.