മനാമ: ബഹ്റൈൻ ഡിജിറ്റൽ കോവിഡ്-19 വാക്സിൻ പാസ്പോർട്ട് പുറത്തിറക്കി. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം ഡിജിറ്റല്‍ പാസ്പോര്‍ട്ട് നൽകുന്നത്. ഇതോടെ കോവിഡ് വാക്സിൻ പാസ്പോർട്ട് പുറത്തിറക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ബഹ്റൈൻ. രണ്ടാമത്തെ വാക്സിന് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കാണ് ഡിജിറ്റല്‍ പാസ്പോര്‍ട്ട് ലഭിക്കുക.
ആരോഗ്യമന്ത്രാലയത്തിന്റെ ബിഅവെയര്‍ ആപ്പ് വഴിയാണ് ഇത് ലഭ്യമാവുക. മൊബൈല്‍ ആപ്പില്‍ പച്ചനിറത്തില്‍ ‘കൊവിഡ് 19 വാക്സിനേറ്റഡ്’ എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. പേര്, ജനനതീയതി, രാജ്യം, ഏത് വാക്സിനാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാവും. രാജ്യത്തെ വാക്സിന് എടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ദേശീയ വാക്സിന് രജിസ്റ്ററുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ആപ്പിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഈ വിവരങ്ങള്‍ ലഭ്യമാവുകയും ചെയ്യും. കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ആപ്പില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് തെളിയുക.
വാക്സിന് എടുത്തയാളുടെ ശരീരത്തില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ആന്റി ബോഡി നിര്‍മിക്കപ്പെടുന്നതിന് രണ്ടാഴ്ച എടുക്കും എന്നതിനാലാണ് രണ്ടാഴ്ചത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് വാക്സിന് വിതരണം ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നും ബഹ്റൈനാണ്. വിമാന യാത്രാ വേളകളിലെ പരിശോധന എളുപ്പമാക്കുന്നതിന് കൊവിഡ് വാക്സിന് സ്വീകരിച്ചുവെന്ന് കാണിക്കുന്ന ഡിജിറ്റല്‍ പാസ്പോര്‍ട്ടും തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ബഹ്റൈന്‍ അധികൃതര്‍. ഇതിനായി ട്രാവല്‍ പാസ് എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചുവരികയാണ്. ഇതോടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്സിന് എടുത്തുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഇതുവഴി ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കാന്‍ സാധിക്കും.