
മനാമ: ബഹ്റൈനില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തി. 2024ലെ ഡിക്രി നിയമത്തിന്റെ(11) അടിസ്ഥാനത്തിലാണ് ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്സ് (ഡി.എം.ടി.ടി) ഏര്‍പ്പെടുത്തിയത്.
ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മുന്നോട്ടുവെച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പുതിയ നികുതി. 2025 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അന്തര്‍ദേശീയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ബഹുരാഷ്ട്ര സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുനിന്ന് നേടുന്ന ലാഭത്തിന്റെ 15% നികുതി നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നികുതി പരിഷ്കരണം.
ഈ ഡിക്രി നിയമം രാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ബഹുരാഷ്ട്ര സംരംഭങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകം. സംരംഭകര്‍ ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ വ്യക്തമാക്കിയ സമയപരിധിക്ക് മുമ്പ് നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂവില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് NBR കോള്‍ സെന്ററില്‍ 80008001 എന്ന നമ്പറില്‍ ബന്ധപ്പെടാം. എല്ലാ ദിവസവും 24 മണിക്കൂറും കോള്‍ സെന്റര്‍ സേവനം ലഭ്യമാണ്. അല്ലെങ്കില്‍ mne@nbr.gov.bh എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങളും ഏറ്റവും പുതിയ അപ്ഡേറ്റുകളും www.nbr.gov.bh എന്ന വെബ്സൈറ്റില്‍ കാണാവുന്നതാണ്.
