മനാമ: ലോകത്തിലെ ഏറ്റവും മികച്ച പുതിയ വിമാനത്താവളം എന്ന പദവി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്. ഫ്രാൻസിലെ പാരിസിലെ പാസഞ്ചർ ടെർമിനൽ എക്സ്പോയിൽ നടന്ന സ്കൈട്രാക്സ് 2022 ലോക എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് ബഹ്റൈൻ വിമാനത്താവളത്തിന് പുരസ്കാരം ലഭിച്ചത്.
വ്യോമഗതാഗതരംഗത്തെ ഏറ്റവും മികച്ച അവലോകന സമിതിയാണ് സ്കൈട്രാക്സ്. കൂടാതെ ലോക വിമാനത്താവള വ്യവസായത്തിന്റെ ഗുണനിലവാര മാനദണ്ഡമായി അവാർഡുകൾ കണക്കാക്കപ്പെടുന്നു. സ്കൈട്രാക്സിൽ നിന്നുള്ള നിരവധി അംഗീകാരങ്ങളുടെ പിൻബലത്തിലാണ് ബിഐഎയ്ക്കുള്ള ഏറ്റവും പുതിയ ബഹുമതി. ഇതിനുമുമ്പ് സ്കൈട്രാക്സ് റേറ്റിങ്ങിൽ പഞ്ചനക്ഷത്ര പദവി വിമാനത്താവളത്തിന് ലഭിച്ചിരുന്നു. ഈ ബഹുമതി ലഭിക്കുന്ന മിഡിലീസ്റ്റിലെ മൂന്നാമത്തെ വിമാനത്താവളമെന്ന ഖ്യാതിയും നേടി. കോവിഡ് സുരക്ഷ നടപടികൾക്കും വിമാനത്താവളത്തിലെ പേൾ ലോഞ്ചിന് ഹോസ്പിറ്റാലിറ്റി, മീറ്റ് ആൻഡ് ഗ്രീറ്റ് സേവനങ്ങൾക്കും പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചിട്ടുണ്ട്. രൂപകൽപനയിലും ഗുണമേൻമയിലും വിട്ടുവീഴ്ച ചെയ്യാതെ റെക്കോഡ് വേഗത്തിൽ പുതിയ ടെർമിനൽ നിർമാണം പൂർത്തിയാക്കാൻ സാധിച്ചതിനുള്ള അംഗീകാരമാണ് ബഹുമതിയെന്ന് ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാൻ കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത് ബഹ്റൈനി ടീമിന്റെ നേട്ടമാണ്. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം ഇത് രാജ്യത്തെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളിൽ ഒന്നായതിനാൽ ലോകമെമ്പാടുമുള്ള മികച്ച പുതിയ വിമാനത്താവളങ്ങളിൽ നിന്ന് ശക്തമായ മത്സരം ഉണ്ടായിരുന്നു. ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ, പുതിയ വിമാനത്താവളം ബഹ്റൈനിലെ വ്യോമയാന മേഖലയുടെ വളർച്ച നിലനിർത്തും. അദ്ദേഹം വ്യക്തമാക്കി.
2021 മുതൽ 2022 വരെയുള്ള 8 മാസത്തെ സർവേ കാലയളവിൽ എയർപോർട്ട് ഉപഭോക്താക്കൾ പൂർത്തിയാക്കിയ വേൾഡ് എയർപോർട്ട് സർവേ ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ളതാണ് 2022 വേൾഡ് എയർപോർട്ട് അവാർഡുകൾ.