
മനാമ: ബഹ്റൈനിലുടനീളം അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ് പറഞ്ഞു.
സുപ്രധാന സാമ്പത്തിക മേഖലകളുടെ ഒരു പ്രധാന ഘടകമാണ് അടിസ്ഥാനസൗകര്യങ്ങളെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് അവന്യൂ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ബഹ്റൈന്‍ സര്‍ക്കാരും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റും (കെ.എഫ്.എ.ഇ.ഡി) തമ്മില്‍ ധനസഹായ കരാര്‍ ഒപ്പുവെച്ചതിനെ മന്ത്രി സ്വാഗതം ചെയ്തു. രാജ്യത്തിനും കുവൈത്തിനുമിടയിലുള്ള ശക്തമായ ദീര്‍ഘകാല ബന്ധത്തെയും അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതില്‍ നിലവിലുള്ള സഹകരണത്തെയും കരാര്‍ പ്രതിഫലിപ്പിക്കുന്നു.
ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ഇതിന്റെ പങ്ക് പ്രധാനമാണ്. നിരവധി വാണിജ്യ, വ്യാവസായിക മേഖലകള്‍ക്ക് ഈ റോഡ് സേവനം നല്കുന്നു. രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ വളര്‍ച്ചയ്ക്കും നഗര വികാസത്തിനും അനുസൃതമായി ശേഷിയും കാര്യക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
