മനാമ: ബഹ്റൈനിൽ അവധിക്കാലത്ത് വാണിജ്യ മേഖലയുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ ദേശീയ സംരംഭം ആരംഭിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രൊമോഷണൽ കാമ്പെയിനുകളുടെ ഫീസ് ഒഴിവാക്കുന്നതും ഡിസംബർ ഒന്ന് മുതൽ വർഷാവസാനം വരെ വാണിജ്യ കിഴിവുകളുടെ കാലാവധി നീട്ടുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നുവെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ആഭ്യന്തര, വിദേശ വ്യാപാര അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു.
വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച്, promotion_enquiries@moic.gov.bh എന്ന ഇ-മെയിൽ വഴി അപേക്ഷിക്കുന്നതിലൂടെ ഈ പ്രോത്സാഹനത്തിൻ്റെ പ്രയോജനം ലഭ്യമാക്കാൻ കട ഉടമകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ദേശീയ ആഘോഷങ്ങളിൽ വാണിജ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവധിക്കാലത്ത് വിപണി പ്രവർത്തനം വർധിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 1,122ലധികം കടകൾ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ ജനപങ്കാളിത്തം അദ്ദേഹം ചൂണ്ടിക്കാട്ടി.