
ന്യൂഡല്‍ഹി: അഞ്ചാമത് ബഹ്റൈന്‍- ഇന്ത്യ സംയുക്ത ഹൈക്കമ്മീഷന് യോഗം ന്യൂഡല്‍ഹിയില്‍ നടന്നു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും സംയുക്തമായി അദ്ധ്യക്ഷത വഹിച്ചു.
മനാമ ഡയലോഗ് 2025ന്റെ വിജയത്തിനും ഡിസംബറില്‍ ബഹ്റൈനില്‍ നടക്കാനിരിക്കുന്ന ജി.സി.സി. ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നതിനും ബഹ്റൈനെ ജയശങ്കര്‍ അഭിനന്ദനം അറിയിച്ചു. ബഹ്റൈന്‍ രാജ്യവുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താല്പര്യം അദ്ദേഹം പരാമര്‍ശിച്ചു.
ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ശക്തിയെ അല്‍ സയാനി പരാമര്‍ശിച്ചു. ദില്‍മുനിലെയും സിന്ധുനദീതടത്തിലെയും പുരാതന നാഗരികതകള്‍ തമ്മിലുള്ള വ്യാപാര, സാംസ്കാരിക വിനിമയത്തില്‍ വേരൂന്നിയതും ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ളതുമായ ബന്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗാസ സമാധാന പദ്ധതി അടുത്തിടെ അംഗീകരിച്ചത് ഇരു രാജ്യങ്ങളുടെയും പൊതു കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു സവിശേഷ അവസരം നല്‍കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കാനും വെടിനിര്‍ത്തലിനെ മാനിക്കാനും ആഹ്വാനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


