
മനാമ: മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ വൈവിധ്യമാര്‍ന്ന കായിക ഇനങ്ങളില്‍ മത്സരിച്ച് ബഹ്റൈന്‍ അത്ലറ്റുകള്.
മുവായ് തായ്യില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെയ്റ്റെയിയെ പരാജയപ്പെടുത്തി അബ്ബാസ് ഫാദല്‍ 16ാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സയ്യിദ് അലവി അബ്ദുല്ലയും അലി ഹമീദും കംബോഡിയയില്‍നിന്നും ലെബനാനില്നിന്നുമുള്ള എതിരാളികളോട് പരാജയപ്പെട്ടു.
ടെക്ബോളില്‍ പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ ഫിലിപ്പീന്‍സിനെതിരെ റാവാന്‍ അബ്ദുല്‍ അസീസും ഫാത്തിമ അല്‍ ബന്നയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. മൂന്നാം സ്ഥാനം കഷ്ടിച്ച് നഷ്ടമായെങ്കിലും അവരുടെ ശക്തമായ അരങ്ങേറ്റ പ്രകടനം പ്രശംസ നേടി.
ബീച്ച് വോളിബോളില്‍ പെണ്‍കുട്ടികളുടെ ടീം ഇന്തോനേഷ്യയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ ടീം ഖത്തറിനോട് 21ന് പരാജയപ്പെട്ടു.
ഗോള്‍ഫില്‍ യാക്കൂബ് റഹ്മ, അബ്ദുറഹ്മാന് മെഹൈസ, ഖാലിദ് ഷാ എന്നിവര്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ബോക്സിംഗില്‍ മുഹമ്മദ് ആറ്റിയ ചൈനയുടെ ഗുവാന്‍ യിവെനിനോട് പരാജയപ്പെട്ടു. മത്സരത്തിലുടനീളം ദൃഢനിശ്ചയം കാണിച്ചിട്ടും ബഹ്റൈന്‍ കബഡി ടീമിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തി.
അത്ലറ്റിക്സില് പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഷെയ്ഖ മുബാറക് അഞ്ചാം സ്ഥാനവും യൂസിഫ് അയ്മാനും വിസാം അല്‍ ഉബൈദാനും ഏഴാം സ്ഥാനവും നേടി. 400 മീറ്റര്‍ ഓട്ടത്തില്‍ തലാല്‍ അല്‍ ദോസേരി എട്ടാം സ്ഥാനവും നേടി.
ട്രയാത്ത്ലണില് അല്ബാര അല്‍ റൊമൈഹി, ഉമര്‍ യാസര്‍, ആദില്‍ അല്‍ മാല്‍ക്കി എന്നിവര്‍ മിഡ്-ഫീല്‍ഡ് ഫിനിഷുകള്‍ നേടിയപ്പോള്‍, സോഫിയ അല്‍ ഉറൈബിയും ലുല്‍വ അല്‍ ദോസേരിയും യഥാക്രമം 20ഉം 21ഉം സ്ഥാനങ്ങള്‍ നേടി.


