
മനാമ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ബഹ്റൈന്റെ സമ്പദ്വ്യവസ്ഥ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി മറിയം അല്‍ അന്‍സാരി അറിയിച്ചു.
2024 അവസാനത്തോടെ ജി.ഡി.പി. ഏകദേശം 9 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍നിന്ന് 47 ബില്യണ്‍ ഡോളറിലധികമായി വര്‍ധിച്ചു. ഇത് ഉല്പാദന, സേവന മേഖലകളിലെ സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
പൗരരുടെ വരുമാനത്തില്‍ ഗണ്യമായ പുരോഗതിയുമുണ്ടായി. 2005നും 2024നുമിടയില്‍ പൊതു, സ്വകാര്യ മേഖലകളിലെ ബഹ്റൈനികളുടെ ശരാശരി പ്രതിമാസ വേതനം ഇരട്ടിയായി. ബഹ്റൈനികളെ ശാക്തീകരിക്കുന്നതിലും അവരുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിലും തൊഴിലിലും സംരംഭകത്വത്തിലും അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച നയങ്ങളുടെ സ്വാധീനമാണിതെന്നും അവര്‍ പറഞ്ഞു.


