
പാരീസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി പാരീസിലെ എലിസി കൊട്ടാരത്തിലെത്തിയ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് ഹമദ് രാജാവ് ഫ്രാന്‍സിലെത്തിയത്.
എലിസി കൊട്ടാരത്തില്‍ ഹമദ് രാജാവിനെ ഔദ്യോഗിക സ്വാഗത ചടങ്ങുകളോടെ സ്വീകരിച്ചു. പ്രസിഡന്റ് മാക്രോണ്‍ സ്വീകരണത്തിന് നേതൃത്വം നല്‍കുകയും ഹമദ് രാജാവിന് ഫ്രാന്‍സിലേക്ക് സ്വാഗതമോതുകയും ചെയ്തു.
ക്ഷണത്തിനും ഊഷ്മളമായ സ്വീകരണത്തിനും രാജാവ് പ്രസിഡന്റ് മാക്രോണിന് നന്ദി അറിയിച്ചു. ബഹ്റൈനും ഫ്രാന്‍സും തമ്മിലുള്ള വിശിഷ്ടമായ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വികസനത്തിലേക്കും അഭിവൃദ്ധിയിലേക്കും ശക്തിപ്പെടുത്തുന്നതിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പങ്കാളിത്തവും സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്തു. വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
