
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വം നിലനില്ക്കാന് പലസ്തീന് രാഷ്ട്രപദവി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച 21ാമത് മനാമ ഡയലോഗ് 2025ല്‍ നടന്ന ‘ഗള്‍ഫിനെ സുരക്ഷിതമാക്കല്‍: നയതന്ത്രം, സാമ്പത്തികശാസ്ത്രം, പ്രതിരോധം’ എന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ അസ്ഥിരതയുടെ വേരുകള്‍ പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷത്തിലാണ്. നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരമില്ലാതെ യഥാര്‍ത്ഥ സുരക്ഷ കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അത് ദുര്‍ബലപ്പെടുത്തും. ഗാസയിലെ അന്താരാഷ്ട്ര നയതന്ത്രത്തിലെ സമീപകാല പുരോഗതിയില്‍, പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതും പ്രാദേശിക മധ്യസ്ഥരുടെ പിന്തുണയുള്ളതുമായ സമാധാന പദ്ധതിയില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഗാസയ്ക്ക് ഈ പദ്ധതി സഹായകമാകുമെന്നും ഇത് വിശാലമായ പ്രാദേശിക സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


