
ന്യൂയോര്‍ക്ക്: ഗാസ മുനമ്പില്‍ സമഗ്രവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ സംരക്ഷണം, ബന്ദികളുടെ മോചനം, തടവിലാക്കപ്പെട്ടവരുടെ മോചനം, മാനുഷിക സഹായം ത്വരിതപ്പെടുത്തല്‍, ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള അറബ്- ഇസ്ലാമിക പദ്ധതി നടപ്പിലാക്കല്‍ എന്നിവയും വേണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തിനും യു.എന്‍. ചാര്‍ട്ടറിനും അനുസൃതമായി പലസ്തീന് പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമായി ചര്‍ച്ചകളും നയതന്ത്ര പരിഹാരങ്ങളും ബഹ്റൈന്‍ ആവശ്യപ്പെടുന്നു. മദ്ധ്യപൗരസ്ത്യ മേഖലയില്‍ ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള 33ാമത് അറബ് ഉച്ചകോടിയുടെ ആഹ്വാനത്തോട് അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. ഇത് നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷത്തിന് സമഗ്രവും സുസ്ഥിരവുമായ പരിഹാരത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2026- 2027 കാലയളവിലേക്കുള്ള യു.എന്‍. സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമല്ലാത്ത അംഗമായി ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെടുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രാദേശികവും ആഗോളവുമായ സമാധാനം, സഹവര്‍ത്തിത്വം, സമൃദ്ധി എന്നിവയ്ക്കായുള്ള ബഹ്റൈന്റെ കാഴ്ചപ്പാട് അതിന്റെ ചരിത്രപരവും നാഗരികവുമായ പൈതൃകം, മാനുഷിക മൂല്യങ്ങള്‍, സന്തുലിതമായ നയതന്ത്ര സമീപനം എന്നിവയില്‍ വേരൂന്നിയതാണ്. അത് യു.എന്‍. ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങളുമായി പൂര്‍ണ്ണമായും യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
