മനാമ: ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന മണി 20/20 യൂറോപ്പ് ഫോറത്തില്‍ ബഹ്റൈനിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) പങ്കെടുക്കുന്നു. ജൂണ്‍ നാലിനാരംഭിച്ച സമ്മേളനം ആറിന് സമാപിക്കും. ഇതിനു പുറമെ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഏറ്റവും പുതുതായുണ്ടായ സംഭവവികാസങ്ങളും സാമ്പത്തിക വിജയഗാഥകളും ഇ.ഡി.ബി അവിടെ അവതരിപ്പിക്കുന്നുണ്ട്.
രാജ്യത്തെ പ്രധാന നിക്ഷേപ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ലോകത്തെ പ്രധാന നിക്ഷേപകരുമായി അടുത്ത ബന്ധമുണ്ടാക്കാനും ഇതുവഴി സാധ്യമാകുമെന്ന് ഇ.ഡി.ബി പ്രതീക്ഷിക്കുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള രാജ്യത്തെ സാമ്പത്തിക സേവന രംഗം അറബ് മേഖലയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. മേഖലയിലെ ഡി.ജിപിയില്‍ 2023ലെ രാജ്യത്തിന്റെ സംഭാവന 17.8 ശതമാനമാണ്. കൂടാതെ തൊഴില്‍ മേഖലയിലും സാമ്പത്തിക സേവന മേഖലയിലുമായി 14,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുമുണ്ട്. രാജ്യത്തിന്റെ അതിവിദഗ്ധ തൊഴില്‍ മേഖലയില്‍ 70 ശതമാനമാണിത്.
സുപ്രധാന മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പ്രയത്നം ചെയ്യുന്നതിനൊപ്പം മികച്ച നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുമുണ്ടെന്ന് ഇ.ഡി.ബിയുടെ സാമ്പത്തിക സേവന വിഭാഗത്തിന്റെ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ദലാല്‍ ബുഹേജി പറഞ്ഞു.