
മനാമ: ബഹ്റൈന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) പ്രതിനിധിസംഘം സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ തിയതികളില്‍ ഇന്ത്യയില്‍ മള്‍ട്ടി-സിറ്റി ടൂര്‍ നടത്തും. സുസ്ഥിര വികസന മന്ത്രി നൂര്‍ ബിന്ത് അലി അല്‍ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബഹ്റൈന്‍ ഇ.ഡി.ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മറ്റ് ഉന്നതോദ്യോഗസ്ഥരുമുണ്ടാകും.
പര്യടനവേളയില്‍ നിക്ഷേപകര്‍ക്ക് മുന്‍ഗണനാ മേഖലകളിലെ മൂല്യവര്‍ദ്ധന അവസരങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ഐ.സി.ടി) എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പരിപാടികളും യോഗങ്ങളും ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ബഹ്റൈനില്‍ ഉയര്‍ന്ന സാധ്യതകളുള്ള നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമായി ചുമതലപ്പെടുത്തിയ പ്രതിനിധിസംഘം മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങള്‍ സന്ദര്‍ശിക്കും.
ഗള്‍ഫിന്റെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇന്ത്യയുമായുള്ള സാമീപ്യവും ഞങ്ങളുടെ പുരോഗമന നയങ്ങളും സ്വാഗതാര്‍ഹമായ ബിസിനസ് അന്തരീക്ഷവും ചേര്‍ന്ന, ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ ഒരു കേന്ദ്രമാണ് ബഹ്റൈനെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈന്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അവര്‍ പറഞ്ഞു.
ബഹ്റൈനിലെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023-ല കണക്കനുസരിച്ച് 10,900 ഇന്ത്യന്‍ കമ്പനികളും ഇന്ത്യന്‍ സംയുക്ത സംരംഭങ്ങളും ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ 2019 മുതല്‍ 62% വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
