
മനാമ: ബഹ്റൈനില്‍ 2030 ആകുമ്പോഴേക്കും ഹൈഡ്രോകാര്‍ബണ്‍ ഇതര മേഖല രാജ്യത്തിന്റെ മൊത്തം ഉല്പാദനത്തിന്റെ 90 ശതമാനത്തോളം സംഭാവന നല്‍കുമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യുടെ പ്രവചനം.
2025ലെ ആര്‍ട്ടിക്കിള്‍ ഫോര്‍ കണ്സള്ട്ടേഷന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്താന്‍ ജോണ്‍ ബ്ലൂഡോണിന്റെ നേതൃത്വത്തില്‍ നവംബര്‍ 9 മുതല്‍ 20 വരെ ബഹ്റൈന്‍ സന്ദര്‍ശിച്ച ഐ.എം.എഫ്. സംഘത്തിന്റേതാണ് ഈ കണ്ടെത്തല്‍. ആഗോളതലത്തിലും പ്രാദേശികമായുമുള്ള അനിശ്ചിതത്തിനിടയിലും പണപ്പെരുപ്പം 0.9 ആയിരുന്ന 2024ല്‍ ബഹ്റൈനില്‍ യഥാര്‍ത്ഥ ജി.ഡി.പി. 2.6 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിഫൈനറി നവീകരണങ്ങളുടെയും ടൂറിസം, സാമ്പത്തികം തുടങ്ങിയ മേഖലകളുടെയും പിന്തുണയില്‍ 2025ല്‍ വളര്‍ച്ച 2.9 ശതമാനവും 2026ല്‍ 3.3 ശതമാനവുമാകുമെന്നാണ് പ്രതീക്ഷ.


