
മനാമ: ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം 2025 ഒന്നാം പാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രാഥമിക ദേശീയ അക്കൗണ്ട്സ് ഡാറ്റ പ്രകാരം, 2025 ആദ്യ പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പി. വാര്‍ഷികാടിസ്ഥാനത്തില്‍ 2.7% വളര്‍ച്ച കൈവരിച്ചു. എണ്ണ ഇതര, എണ്ണ മേഖലകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 2.2%, 5.3% ഉം വര്‍ധന ഇതിന് കാരണമായി.
2025ലെ ഒന്നാം പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പിയുടെ 84.8% എണ്ണ ഇതര മേഖലകളില്‍നിന്നാണ്. മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തെ പിന്തുണയ്ക്കുന്നതില്‍ എണ്ണ ഇതര മേഖല പ്രധാന പങ്ക് വഹിച്ചു.
ഭക്ഷ്യ സേവനങ്ങള്‍ 10.3% വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ജി.ഡി.പിയില്‍ ഏറ്റവും വലിയ സംഭാവന നല്കുന്ന സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകള്‍ 7.5% യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് കൈവരിച്ചു. കൂടാതെ നിര്‍മ്മാണ- വിദ്യാഭ്യാസമേഖലകള്‍ യഥാക്രമം 5.4%, 2.5% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. പ്രൊഫഷണല്‍- ശാസ്ത്ര- സാങ്കേതിക മേഖലകള്‍ 2.2%, മൊത്തവ്യാപാര- ചില്ലറ വ്യാപാര- റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ 2.0%, ഗതാഗത- സംഭരണ മേഖലകള്‍ 1.9%, വിവര- ആശയവിനിമയ മേഖലകള്‍ 1.4% എന്നിങ്ങനെയും വളര്‍ച്ച രേഖപ്പെടുത്തി. ഉല്‍പ്പാദന മേഖല 0.4% നേരിയ ഇടിവ് രേഖപ്പെടുത്തി.
