
മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം 2025ലെ മൂന്നാം പാദത്തിലെ രാജ്യത്തിന്റെ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh എന്ന വെബ്സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രാഥമിക ദേശീയ അക്കൗണ്ട്സ് ഡാറ്റ പ്രകാരം 2025ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ വാര്‍ഷിക ജി.ഡി.പി. 4.0% വളര്‍ച്ച കൈവരിച്ചു. എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 3.1% വര്‍ധനവും എണ്ണ പ്രവര്‍ത്തനങ്ങളില്‍ 9.3% വര്‍ധനവും ഇതിന് കാരണമായി.
2025ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പിയിലേക്ക് 85.0% സംഭാവന ചെയ്തതില്‍ എണ്ണ ഇതര മേഖല നിര്‍ണായക പങ്ക് വഹിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 2025ലെ മൂന്നാം പാദത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയായ 5.4% രേഖപ്പെടുത്തി. സാമ്പത്തിക, ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ 5.0%. ഗതാഗതം, സംഭരണം, നിര്‍മ്മാണം എന്നിവ ഓരോന്നും 4.4% വളര്‍ച്ച നേടി. ഉല്‍പ്പാദന മേഖല 3.9%. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം 3.3%. വിവര, ആശയവിനിമയം 2.1%, താമസ, ഭക്ഷ്യ സേവനങ്ങള്‍ 1.5% എന്നിങ്ങനെ വര്‍ധിച്ചു.
2025ലെ മൂന്നാം പാദത്തില്‍ ഇന്‍വേര്‍ഡ് ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് (എഫ്.ഡി.ഐ) സ്റ്റോക്ക് 5.8% വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിച്ചതോടെ വിദേശ നിക്ഷേപത്തിലെ വളര്‍ച്ചയും റിപ്പോര്‍ട്ട് എടുത്തുകാണിച്ചു, ഇത് മൊത്തം 17.5 ബില്യണ്‍ ദിനാറായി ഉയര്‍ന്നു.
ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2025ലെ ഇക്കണോമിക് ഫ്രീഡം ഓഫ് ദി വേള്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനത്തും അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തും രാജ്യം സ്ഥാനം നേടി.


