മനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജ്യത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
സാംസ്കാരിക വൈവിധ്യത്തിന്റെയും മതപരമായ ബഹുസ്വരതയുടെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകയായി ബഹ്റൈനെ വളര്‍ത്തിയെടുത്തതില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്കിയ പിന്തുണയ്ക്ക് വലിയ പങ്കുണ്ടെന്ന് സന്ദര്‍ശനവേളയില്‍ അദ്ദേഹം പറഞ്ഞു.
സാംസ്കാരിക ആശയവിനമയം, എല്ലാ മതങ്ങളോടും ബഹുമാനം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷിതത്വം എന്നിവ നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മുല്‍ജിമല്‍, കവലാനി, താക്കിര്‍, കേവല്‍റാം, അസര്‍പോട്ട, ഭാട്ടിയ കുടുംബങ്ങളെ കിരീടാവകാശിയുടെ ആശംസ അദ്ദേഹം അറിയിച്ചു. കിരീടാവകാശിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങള്‍ നന്ദി പറഞ്ഞു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു.
