
മനാമ: ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് നാലു വനിതാ എം.പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെട്ടു. ഈ നിര്‍ദേശം പാര്‍ലമെന്റ് അടുത്ത ചൊവ്വാഴ്ച വോട്ടിനിടും.
ഹനാന് ഫര്‍ദാന്‍, ജലീല അലവി, ബസ്മ മുബാറക്ക്, മറിയം അല്‍ സൈഗ് എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. പ്രസവത്തിനു മുമ്പും ശേഷവും തെളിവായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ 60 ദിവസം ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കാനാണ് നിലവിലെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 32 അനുശാസിക്കുന്നത്. ശമ്പളമില്ലാതെ 15 ദിവസത്തെ അവധികൂടി എടുക്കാം. ഈ നിയമം ഭേദഗതി ചെയ്ത് ശമ്പളത്തോടുകൂടിയ അവധി 70 ദിവസമായി വര്‍ധിപ്പിക്കണമെന്നും ശമ്പളമില്ലാത്ത അവധി നിലവിലുള്ളതുപോലെ തുടരണമെന്നുമാണ് വനിതാ എം.പിമാര്‍ ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ ഭരണഘടനയാണ് തങ്ങളെ നയിക്കുന്നതെന്ന് ഹനാന് ഫര്‍ദാന്‍ പറഞ്ഞു. കുടുംബ കടമകളും തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കുള്ള പങ്കും സന്തുലിതമാക്കാന്‍ ഭരണകൂടം സ്ത്രീകളെ പിന്തുണയ്ക്കേണ്ടതുണ്ട്. ആ ദിശയിലേക്കാണ് ഈ നിര്‍ദേശം നീങ്ങുന്നത്. ഈജിപ്തില്‍ വനിതാ തൊഴിലാളികള്‍ക്ക് 90 ദിവസവും സൗദി അറേബ്യയില്‍ 10 ആഴ്ചയും ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
