
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ ന്യായ നിര്മ്മാണ് 2025 പരിപാടിയില്‍ ‘ഇന്ത്യയിലെ ആര്‍ബിട്രേഷന്റെയും നീതിയുടെയും ഭാവി സങ്കല്‍പ്പം’ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബഹ്റൈന്‍ കിംഗ്ഡം കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്റര്‍ (ഐ.ഐ.എ.സി) ചെയര്മാന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് സെക്രട്ടറി ഡോ. അഞ്ജു രതി റാണ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെയും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്റിന്റെയും പ്രതിനിധികള്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.
പ്രൊഫ. മാരികെ തര്‍ക്ക പരിഹാരത്തെക്കുറിച്ചുള്ള ഉപയോക്തൃ കാഴ്ചപ്പാട് അവതരിപ്പിച്ചു. ഫലപ്രദമായ ഒരു ബദല്‍ തര്‍ക്ക പരിഹാര ഉപകരണമായി മധ്യസ്ഥത പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുമായുള്ള ഭാവി പങ്കാളിത്തം പ്രധാനമാണെന്നും അവര്‍ പറഞ്ഞു.
ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്ക്കും ഡോ. അഞ്ജു രതി റാണയ്ക്കും അവര്‍ ‘ആര്ബിട്രേഷന് ഇന്‍ ഇന്ത്യ’ എന്ന കൈപ്പുസ്തകത്തിന്റെ കോപ്പികള്‍ സമ്മാനിച്ചു.
