മനാമ: ആഗോള കാലാവസ്ഥ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സുസ്ഥിരമായ പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കണമെന്ന് ഗ്ലാസ്ഗോയിൽ നടക്കുന്ന ലോക കാലാവസ്ഥ കോൺഫറൻസിൽ സംസാരിച്ച ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം ആഗോള പരിഹാരം കാണേണ്ട ആഗോള വെല്ലുവിളിയാണെന്നും, ആഗോള കാർബൺ ബഹിർഗമനത്തിൽ ബഹ്റൈൻറെ പങ്ക് 0.07 ശതമാനം മാത്രമാണെന്നും, 2035 ൽ കാർബൺ ബഹിർഗമനം 30 ശതമാനവും, 2060 ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് ബഹ്റൈൻറെ തീരുമാനമെന്നും, ഇതിനായി വർഷം തോറും നൂറുകണക്കിന് കോടി ടൺ കാർബൺ നീക്കം ചെയ്യേണ്ടി വരുമെന്നും അതിനായുള്ള പദ്ധതികൾ ബഹ്റൈൻ ആവിഷ്കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
