
മനാമ: കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും കുഴപ്പങ്ങള്‍ പടര്‍ത്താനും പൊതുക്രമം തകര്‍ക്കാനും ജനങ്ങളുടെ സുരക്ഷയ്ക്കും രാഷ്ട്ര സമ്പദ്്ഘടനയ്ക്കും അപകടമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുവൈത്തിനോടുള്ള ഉറച്ച ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘത്തെ കണ്ടെത്തുന്നതിലും അതിലെ അംഗങ്ങളെ പിടികൂടുന്നതിലും അതിന്റെ ദുരുദ്ദേശ്യപരമായ അട്ടിമറി പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിലും കുവൈത്ത് സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പ്രകടിപ്പിച്ച കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്റൈന്‍ അഭിനന്ദിച്ചു. കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷയും സമൃദ്ധിയും തുടരട്ടെയെന്ന് പ്രസ്താവനയില്‍ ആശംസിച്ചു.


