മനാമ: വടക്കൻ ജിദ്ദയിലെ പെട്രോൾ സ്റ്റേഷന് നേരെയുള്ള ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരുടെ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ഭീകരപ്രവർത്തനം ലോകത്തിലെ ഊർജ്ജ വിതരണത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത അപകടമുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ്ണ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഹൂത്തികളുടെ ആക്രമണത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം കർശന നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.