
മനാമ: സുഡാനിലെ നോര്‍ത്ത് ഡാര്‍ഫര്‍ സംസ്ഥാനത്ത് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ട്രക്കുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാനും സാധാരണക്കാരുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര മാനുഷിക നിയമം, ജിദ്ദ പ്രഖ്യാപനം, പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി സഹായം വിതരണം ഉറപ്പാക്കാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആഹ്വാനം ആവര്‍ത്തിച്ചു.
സുഡാന്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കപ്പെടണം. അതുവഴി സമാധാനത്തിനും സുസ്ഥിര അഭിവൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്സാധിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
