
മനാമ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍, പെട്രോകെമിക്കല്‍ സംവിധാനങ്ങള്‍, നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഒരു സംഘര്‍ഷാവസ്ഥയാണിതെന്നും നല്ല അയല്പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യയ്ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുന്നു. അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും നല്കുന്നു.
മേഖലയിലെ രാജ്യങ്ങളെയും സമാധാനകാംക്ഷികളായ ജനങ്ങളെയും ലക്ഷ്യം വച്ചുള്ള ശത്രുതാപരമായതും ന്യായീകരിക്കാനാവാത്തതുമായ ഇറാനിയന്‍ ആക്രമണങ്ങള്‍ തടയാന്‍ ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആഹ്വാനം ചെയ്തു.


