
മനാമ: കുവൈത്തിലെ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ അല്‍-അഹമ്മദി, അബ്ദുല്ല എണ്ണ ശുദ്ധീകരണശാലകള്‍ക്കു നേരെയുണ്ടായ ഇറാനിയന്‍ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്കുന്നു. ‘ഹിസ്ബുള്ള’ എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ട തീവ്രവാദ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിലും രാജ്യത്തെ അസ്ഥിരപ്പെടുത്താനും സുപ്രധാന കേന്ദ്രങ്ങളെ ആക്രമിക്കുന്ന ക്ഷുദ്ര ഗൂഢാലോചനകള്‍ പരാജയപ്പെടുത്തുന്നതിലുമുള്ള കുവൈത്ത് സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളുടെ കാര്യക്ഷമതയ്ക്കും ജാഗ്രതയ്ക്കും മന്ത്രാലയം നന്ദി അറിയിച്ചു. കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം തുടര്‍ന്നും ആശംസിച്ചു.


