
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈന്‍ പൗരരെ നാട്ടിലെത്തിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ഉത്തരവുകളനുസരിച്ചാണ് ഈ നടപടി.
ഗള്‍ഫ് എയര്‍ വിമാനം തുര്ക്കുമാനിസ്ഥാനില്നിന്നെത്തി ഇറാനിലുണ്ടായിരുന്ന 163 പൗരരെ കൊണ്ടുവന്നു. കൂടാതെ വിദേശകാര്യ മന്ത്രാലയം ഒരുക്കിയ ഗതാഗത ക്രമീകരണങ്ങളനുസരിച്ച് ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് 504 പൗരരെ കരമാര്‍ഗവും നാട്ടിലെത്തിച്ചു.
സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന എല്ലാ ബഹ്റൈന്‍ പൗരരുടെയും തിരിച്ചുവരവ് ഉറപ്പാക്കാന്‍ വിദേശരാജ്യങ്ങളിലെ ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളും ആ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്.
സംഘര്‍ഷബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും മന്ത്രാലയം ബഹ്റൈന്‍ പൗരരോട് അഭ്യര്‍ത്ഥിച്ചു. സഹായവും അന്വേഷണങ്ങള്‍ക്ക് മറുപടിയും നല്കാന് മന്ത്രാലയത്തിന്റെ അടിയന്തര ഹോട്ട്ലൈന്‍ (+973 17227555) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
