മനാമ: ബഹ്റൈൻ ടൂറിസം ആൻ്റ് എക്സിബിഷൻസ് അതോറിറ്റി (ബി. ടി. ഇ. എ) കണക്ട് ചൈന ഫോറത്തിൻ്റെ പങ്കാളിത്തത്തോടെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ശിൽപശാല സംഘടിപ്പിച്ചു. ചൈനയിൽനിന്നുള്ള 35 ട്രാവൽ ഏജൻ്റുമാർ പങ്കെടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ബഹ്റൈനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കാനും അതുവഴി കൂടുതൽ ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ടൂറിസം ഓഫീസുകൾ വഴിയും ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് കമ്പനികൾ വഴിയും ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനാഗ്രഹിക്കുന്ന ചൈനീസ് വിനോദസഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടൂറിസം പാക്കേജുകൾ ചൈനീസ് ട്രാവൽ ഏജൻ്റുമാർ അവതരിപ്പിച്ചു. കൂടാതെ കണക്റ്റ് ചൈന ഫോറവുമായുള്ള സഹകരണത്തിലൂടെയും യാത്രാ-ടൂറിസം മേഖലയിലെ വിവിധ പങ്കാളികളുമായുള്ള പങ്കാളിത്തം ഏകീകരിക്കുക വഴി ചൈനക്കാർക്കിടയിൽ അഭിലഷണീയമായ വിനോദസഞ്ചാര കേന്ദ്രമെന്ന ബഹ്റൈൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു.
ചൈനയിൽനിന്നുള്ള സന്ദർശകർക്ക് ഇഷ്ടപ്പെട്ട സ്ഥലമെന്ന നിലയിൽ ബഹ്റൈൻ്റെ പദവി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ശില്പശാലയെന്ന് ബി.ടി.ഇ.എ. ടൂറിസം മാർക്കറ്റിംഗ് ആന്റ് പ്രൊമോഷൻ ഡയറക്ടർ മറിയം തൂറാണി പറഞ്ഞു. തന്ത്രപരമായ മാർക്കറ്റിംഗ് കാമ്പെയ്നുകൾ, പങ്കാളിത്തം, ചൈനീസ് സന്ദർശകരുടെ പ്രതീക്ഷകൾക്കനുസൃതമായി ഇഷ്ടാനുസൃതമാക്കിയ യാത്രാ അനുഭവങ്ങളുടെ വികസനം എന്നിവയിലൂടെ ചൈനീസ് വിപണിയുടെ ആവശ്യകതകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ വർദ്ധിപ്പിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അവർ വ്യക്തമാക്കി.