
മനാമ: ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഉള്ള വ്യക്തികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ അവകാശങ്ങൾ ന്യായമായും തുല്യമായും വിനിയോഗിക്കാനാവുന്ന അന്തരീക്ഷം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈൻ ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു.
ഈ വിഷയത്തിൽ സർക്കാർ, പൊതുസമൂഹം, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ രാജ്യത്തിന് മികച്ച അനുഭവ പരിചയമുണ്ടെന്ന് ബഹ്റൈൻ അസോസിയേഷൻ ഫോർ ചിൽഡ്രൻസ് വിത്ത് ബിഹേവിയറൽ ആൻ്റ് കമ്യൂണിക്കേഷൻ ഡിഫിക്കൽറ്റീസിൻ്റെ ചെയർപേഴ്സൺ ഡോ. ഷെയ്ഖ റാനിയ ബിൻത് അലി അൽ ഖലീഫ പറഞ്ഞു. 2024 മാർച്ചിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് ഈ വിഭാഗത്തിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,662 ആണ്.
ഓട്ടിസം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും ബഹ്റൈൻ സമഗ്രമായ സമീപനമാണ് സ്വീകരിച്ചുപോരുന്നത്. സ്കൂളുകളിൽ വിദ്യാഭ്യാസ സംയോജന പരിപാടികൾ നടപ്പിലാക്കൽ, വിവിധ മേഖലകളിൽ അവരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പരിശീലന- പുനരധിവാസ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
