
മനാമ: 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഹ്റൈന്‍ ബജറ്റിന് പ്രതിനിധി കൗണ്‍സില്‍ അംഗീകാരം നല്കി. സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലിന്റെ ആറാമത്തെ ലജിസ്ലേറ്റീവ് കാലാവധിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഇരുപത്തിനാലാമത് സമ്മേളനമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.
ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും പൗരരുടെ പ്രയോജനത്തിനായി വികസനം മുന്നോട്ടു കൊണ്ടുപോകാനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സ്പീക്കര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയോട് നന്ദി പറഞ്ഞു. രാജാവിന്റെ ദര്‍ശനം നടപ്പിലാക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നല്കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സ്വാലിഹ് അല്‍ സ്വാലിഹിനും രണ്ടു കൗണ്‍സിലുകളിലെയും സാമ്പത്തിക കാര്യ സമിതികളുടെ തലവന്മാര്ക്കും അംഗങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
