
മനാമ: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എ.ഐ) ഉപയോഗത്തിനായുള്ള ബഹ്റൈന്റെ ദേശീയ നയം ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) ഔദ്യോഗിക വെബ്സൈറ്റായ www.iga.gov.bh ല്‍ പ്രസിദ്ധീകരിച്ചു.
കൂടാതെ എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള ജി.സി.സി. മാര്‍ഗരേഖ അംഗീകരിച്ചതായും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രിതല സമിതിയുടെ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കിയ ഈ പ്രഖ്യാപനം എ.ഐയുടെ ഉത്തരവാദിത്തവും ധാര്‍മ്മികവുമായ ഉപയോഗത്തിനായി സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതാണ്.
ബഹ്റൈന്‍ സാമ്പത്തിക ദര്‍ശനം 2030, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയ്ക്കനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയെ പിന്തുണയ്ക്കാനും സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും എ.ഐയുടെ സുരക്ഷിതവും ധാര്‍മ്മികവുമായ പ്രയോഗം ഉറപ്പാക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യമെന്ന് ഐ.ജി.എ. ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അല്‍ ഖ്വയ്ദ് പറഞ്ഞു.
വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം, സംസ്ഥാന രേഖകളുടെയും വിവരങ്ങളുടെയും സംരക്ഷണ നിയമം, ഓപ്പണ്‍ ഡാറ്റാ നയം, എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള ജി.സി.സി. മാര്‍ഗരേഖ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ദേശീയ നിയമങ്ങളും ചട്ടക്കൂടുകളും പാലിക്കുന്നതിനാണ് നയം പ്രാധാന്യം നല്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
