
മനാമ: സ്നേഹത്തിന്റെ തെളിമയാർന്ന അന്തരീക്ഷത്തിൽ രാസ ലഹരിയുടെ പ്രശ്നങ്ങളെ വിലയിരുത്തി, ആശങ്കകൾ പങ്കുവെച്ച് ബഹ്റൈൻ എ.കെ.സി.സി രാസ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ കർമ്മ സേന കൺവീനർ ശ്രീ.ജൻസൻ ഡേവിഡിന് പതാക കൈമാറി പ്രസിഡണ്ട് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്നേഹ ജ്വാല കൊളുത്തി അംഗങ്ങൾ രാസ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു. ജസ്റ്റിൻ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാരകമായ സിന്തറ്റിക് ലഹരിക്കെതിരെ സമൂഹം ഒന്നടങ്കം പോരാടേണ്ട സാഹചര്യമാണെന്ന് ചാൾസ് ആലുക്ക പറഞ്ഞു.
നമ്മുടെ സാംസ്കാരിക തനിമയും, സാമൂഹ്യബോധവും കാത്തുസൂക്ഷിക്കാൻ ഓരോ മലയാളിയും പരിശ്രമിക്കേണ്ട സമയമാണെന്ന് ജന സെക്രട്ടറി ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു.

വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും കുട്ടികൾക്ക് കിട്ടേണ്ട മൂല്യങ്ങൾ ലഭിക്കുന്നില്ല എന്നുള്ളതാണ്, പുതിയ തലമുറയുടെ വലിയ പ്രതിസന്ധിയെന്ന് വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു.
കർക്കശമായ നിയമപാലനത്തിന്റെ കുറവും, ഭൗതികതയിൽ മാത്രം ഊന്നി വിദ്യാഭ്യാസവും, സാമൂഹ്യ അന്തരീക്ഷത്തിൽ സൃഷ്ടിച്ചിരിക്കുന്ന ആഘാതം അനുദിനം വർദ്ധിച്ചു വരുന്നതും രാസലഹരിക്ക് കാരണമാണെന്നും, രാസ ലഹരിയെ ഒറ്റക്കെട്ടായി ചെറുക്കാൻ സമാനമനസ്കരായ എല്ലാവരുടെയും സഹകരണം കൺവീനർ ജൻസൻ അഭ്യർത്ഥിച്ചു.
ജസ്റ്റിൻ ജോർജ്, മോൻസി മാത്യു, രതീഷ് സെബാസ്റ്റ്യൻ, അലക്സ്കറിയ, ജെസ്സി ജൻസൻ , മെയ്മോൾ ചാൾസ്, അജിത ജസ്റ്റിൻ, എന്നിവർ നേതൃത്വം നൽകി.
ജിബി അലക്സ് സ്വാഗതവും ജോൺ ആലപ്പാട്ട് നന്ദിയും പറഞ്ഞു.
