
മനാമ: വിദ്യാഭ്യാസ ഗുണനിലവാരവും യോഗ്യതകളും മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കായി ബഹ്റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി(ബി.ക്യു.എ)യും ഹോങ്കോങ് കൗണ്‍സില്‍ ഫോര്‍ അക്രഡിറ്റേഷന് ഓഫ് അക്കാദമിക് ആന്റ് വൊക്കേഷണല്‍ ക്വാളിഫിക്കേഷന്‍സും (എച്ച്.കെ.സി.എ.എ.വി.ക്യു) കരാര്‍ ഒപ്പുവെച്ചു.
അക്കാദമിക്, വൊക്കേഷണല്‍ പ്രോഗ്രാം അവലോകനങ്ങള്‍ മെച്ചപ്പെടുത്തുക, യോഗ്യതാ ചട്ടക്കൂടുകളെ പിന്തുണയ്ക്കുക, വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ആഗോള നിലവാരം ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണിത്. ഇരു സ്ഥാപനങ്ങളിലെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്. ഉഭയകക്ഷി സഹകരണത്തിനും വൈദഗ്ധ്യ കൈമാറ്റത്തിനും അടിത്തറയിടാനുള്ള സുപ്രധാന നീക്കമാണ് ഈ കരാറെന്ന് ബി.ക്യു.എ. ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം ഹസന് മുസ്തഫ പറഞ്ഞു.
ഗുണനിലവാര ഉറപ്പ്, യോഗ്യതാ അംഗീകാരം എന്നിവയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് എച്ച്.കെ.സി.എ.എ.വി.ക്യു. എക്സിക്യൂട്ടീവ് ഡയരക്ടര്‍ എച്ച്.ബി. ചാവോ പറഞ്ഞു.
