
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പടിഞ്ഞാറന്‍ ആപ്രണില്‍ ഒരു വിമാന അറ്റകുറ്റപ്പണി, ഓവര്‍ഹോള്‍ (എം.ആര്.ഒ) സംവിധാനം സ്ഥാപിക്കനുള്ള താല്പര്യപത്രത്തില് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും (ബി.എ.സി) ഡി.എച്ച്.എല്‍. എക്സ്പ്രസും ഒപ്പുവെച്ചു. നവംബര്‍ 2 മുതല്‍ 3 വരെ നടന്ന ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ലാണ് ഇത് ഒപ്പുവെച്ചത്.
ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖി എന്നിവരുടെ സാന്നിധ്യത്തില്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ആക്ടിംഗ് സി.ഇ.ഒ. അഹമ്മദ് ജനാഹി, ഡി.എച്ച്.എല്‍. എക്സ്പ്രസിന്റെ മദ്ധ്യപൗരസ്ത്യ മേഖലയ്ക്കും വടക്കേ ആഫ്രിക്കയ്ക്കുമുള്ള സി.ഇ.ഒ. അബ്ദുല്‍ അസീസ് ബസ്ബേറ്റ് എന്നിവരാണ് താല്പര്യപത്രത്തില് ഒപ്പുവെച്ചത്.
ഇതനുസരിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ഡി.എച്ച്.എല്‍. എക്സ്പ്രസിന് പശ്ചിമ ഏപ്രണില്‍ ആവശ്യമായ സ്ഥലം അനുവദിക്കും. ഇവിടെ മദ്ധ്യപൗരസ്ത്യ മേഖലയിലേക്കും വടക്കേ ആഫ്രിക്കയിലേക്കും സേവനം നല്കുന്ന അത്യാധുനിക എം.ആര്.ഒ. ഹാംഗര്‍ നിര്‍മിക്കും.


