
കൊച്ചി: നടൻ ബാബുരാജ് ‘അമ്മ’ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ.
ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ല.

അമ്മയുടെ ഭാരവാഹിത്വമൊഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നതാണ് ഉചിതം. ആരായാലും മാറിനിൽക്കണം. നിയമത്തെ ബഹുമാനിക്കണം. ആരോപണമുണ്ടെങ്കിൽ മാറിനിന്നേ പറ്റൂ.
താൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദത്തെ ശ്വേത തള്ളി. ആരാണ് തടയുന്നതെന്ന് അതു പറഞ്ഞ ആളുകളോട് ചോദിക്കണം. ഒരാളുടെ മേൽ സംശയമുണ്ടെങ്കിൽ ആ പേരു പറയണം. പേരു പറഞ്ഞാലേ കാര്യത്തിന്റെ ഗൗരവമുണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോൾ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവർ എന്താണ് അങ്ങനെ ചെയ്യാത്തത്? നിയമം ഓരോ ആളുകൾക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത പറഞ്ഞു.
