ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്ന് നിരീക്ഷിച്ച കോടതി മസ്ജിദ് പൊളിക്കാൻ മുൻകൂട്ടി ആസൂത്രണം നടത്തിയില്ലെന്നും വിലയിരുത്തി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി എസ്.കെ. യാദവ് വ്യക്തമാക്കി. എൽകെ അദ്വാനിയും മുരളിമനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഉമാഭാരതി കോടതിയിൽ എത്തിയിരുന്നില്ല. വിധി വരുന്ന പശ്ചാത്തലത്തിൽ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. 47 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 17 പേർ വിചാരണ കാലയളവിൽ മരണപ്പെട്ടു. രാമക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് 1992ലാണ് പള്ളി തകർക്കപ്പെട്ടത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
പ്രതികൾക്കെതിരായ ഗൂഢാലോചനാ കുറ്റം 2001ൽ വിചാരണ കോടതി എടുത്തുകളഞ്ഞിരുന്നു. 2010ൽ അലഹബാദ് ഹൈക്കോടതി ഈ വിധി ശരിവെച്ചു. എന്നാൽ 2017 ഏപ്രില് 19ന് സുപ്രീംകോടതി ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. 2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് ഇന്നേക്കും തീയതി നീട്ടിക്കൊടുത്തു. 1992 ഡിസംബർ 6 ന് ബാബറി പള്ളി പൊളിച്ച് മിനിറ്റുകൾക്ക് ശേഷം ആദ്യത്തെ എഫ്ഐആർ (നം. 197/92) രജിസ്റ്റർ ചെയ്തു. ‘അജ്ഞാതരായ’ കർസേവകര്ക്കെതിരെയായിരുന്നു വൈകിട്ട് 5.15ന് എഫ്ഐആർ എടുത്തത്. ഐപിസി 395, 397, 332, 337, 338, 295, 297,153 എ, ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ സെക്ഷൻ 7 എന്നിവ പ്രകാരമായിരുന്നു കേസെടുത്തത്. പത്ത് മിനിറ്റിനുശേഷം എൽ.കെ. അദ്വാനി, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സാധ്വി ഋതംബര എന്നിവർക്കെതിരെ രണ്ടാമത്തെ എഫ്ഐആർ (നം. 198/92) രജിസ്റ്റർ ചെയ്തു. ഐപിസിയുടെ 153 എ, 153 ബി, 505 വകുപ്പുകളാണ് ചുമത്തിയത്. വിദ്വേഷംജനിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസംഗം നടത്തിയതിനെതിരെയായിരുന്നു കേസ്. മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണം, ക്യാമറകൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട മറ്റ് 47എഫ്ഐആറുകളും രജിസ്റ്റർ ചെയ്തു. എല്ലാ എഫ്ഐആറുകളും അയോധ്യയിലെ താന രാമജന്മഭൂമിയിലായിരുന്നു രജിസ്റ്റർ ചെയ്തത്.