
കഷായം പരാമർശത്തിൽ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയ രാഹുൽ ഈശ്വറിന് മറുപടിയുമായി എഴുത്തുകാരി കെ ആർ മീര. ബന്ധങ്ങളിൽ വളരെ ‘ടോക്സിക് ‘ആയി പെരുമാറുന്ന പുരുഷൻമാർക്ക് ‘ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണെന്നു പരാതിക്കാരന് മനസിലാക്കാവുന്നതേയുള്ളൂവെന്നും അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിൽസാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ മീര നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഈശ്വർ പരാതി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിതയിലെ 352, 353,196 ഐ ടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടേത് വിദ്വേഷ പ്രസംഗമാണെന്നും കൊലപാതകത്തെ ന്യായികരിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു. ഇമെയിലായാണ് പരാതി നൽകിയത്.
