
ദുബായ്: ദുബായ് ക്വാളിറ്റി ഗ്രൂപ്പ് സംഘടിപ്പിച്ച ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡിന്റെ പതിനേഴാമത് പതിപ്പില്‍ ബഹ്റൈനിലെ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് (ആര്.എച്ച്.എഫ്) രണ്ട് അവാര്‍ഡുകള്‍ നേടി.
ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്റെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബായിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. അല്‍ ഫാരെസ് ഇന്‍സുലിന്‍ പമ്പ്സ് പ്രോജക്റ്റിനുളള ഐഡിയ അവാര്‍ഡും നെതാജ് ഖൈര്‍ അല്‍ ബഹ്റൈന്‍ പ്രോജക്റ്റിനുള്ള ചാരിറ്റബിള്‍ ഇനിഷ്യേറ്റീവ് അവാര്‍ഡുമാണ് ആര്.എച്ച്.എഫ്. നേടിയത്. ഫൗണ്ടേഷന്റെ സെക്രട്ടറി ജനറല്‍ ഷെയ്ഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ അവാര്‍ഡുകള്‍ സ്വീകരിച്ചു.
18 വയസ്സ് വരെ ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പുകള്‍ നല്‍കുക, സങ്കീര്‍ണതകള്‍ കുറയ്ക്കുക, ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്നിവയാണ് അല്‍ ഫാരെസ് ഇന്‍സുലിന്‍ പമ്പ്സ് പദ്ധതിയിലൂടെ ചെയ്യുന്നത്. 2024 അവസാനത്തോടെ 278 കുട്ടികള്‍ ഈ പദ്ധതിയുടെ പ്രയോജനം നേടി.
അമ്മമാരുടെയും കുട്ടികളുടെയും ഇടയില്‍ സര്‍ഗാത്മകതയും കഴിവുകളും വികസിപ്പിക്കാനും അവരെ സാമ്പത്തികമായി ശാക്തീകരിക്കാനും സ്വയംപര്യാപ്തതയുണ്ടാക്കാനും പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് നേതാജ് ഖൈര്‍ അല്‍ ബഹ്റൈന്‍.
