
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് (ബി.ഐ.എ) എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എ.സി.ഐ) ആഗോളതലത്തില്‍ മികച്ച വിമാനത്താവളത്തിനുള്ള എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എ.എസ്.ക്യു) അവാര്‍ഡ് ലഭിച്ചു. അസാധാരണമായ യാത്രാനുഭവം നല്‍കുന്നതിനും മേഖലയിലും ലോകമെമ്പാടുമുള്ള ഒരു മുന്‍നിര വിമാനത്താവളമെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.
ലോകത്തിലെ മുന്‍നിര വിമാനത്താവള ഉപഭോക്തൃ അനുഭവ അളക്കല്‍, ബെഞ്ച്മാര്‍ക്കിംഗ് സംവിധാനമായ എ.എസ്.ക്യു. പ്രോഗ്രാം, 2024ല്‍ ഉടനീളം നടത്തിയ സര്‍വേകളിലൂടെ ശേഖരിച്ച യാത്രക്കാരുടെ ഫീഡ്ബാക്കിന്റെ അടിസ്ഥാനം എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്.
ഈ അവാര്‍ഡ് മുഴുവന്‍ ബി.എ.സി. ടീമിന്റെയും വിലപ്പെട്ട പങ്കാളികളുടെയും സമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരമാണെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ ബിന്‍ഫലാഹ് പറഞ്ഞു.
