
ദില്ലി: വയോധികർ മുതൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് വരെ ഇൻഡോറിലെ കുടിവെള്ള ദുരന്തത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ദുരന്തമുണ്ടായ ഭാഗീരഥ്പുരയിലെ ഓരോ വീടും മരണഭയത്താൽ വിറങ്ങലിച്ച് നിൽക്കുകയാണ്. മരണക്കണക്കിലെ ഒളിച്ചുകളി മധ്യപ്രദേശ് സർക്കാർ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല.
ഒരു കുടുംബത്തിന്റെ പത്ത് വർഷത്തെ പ്രാർത്ഥനയും കാത്തിരിപ്പുമായിരുന്നു അവ്യാൻ സാഹു. മുലപ്പാലിനൊപ്പം പാക്കറ്റ് പാലിൽ വെള്ളം ചേർത്ത് നൽകിയിരുന്നു. അവസാനം പാൽ നേർപ്പിക്കാൻ ചേർത്തത് മലിനജലമാകുമെന്ന് ആരും സ്വപ്നത്തിൽപോലും കരുതിയില്ല. പാല് കുടിച്ച് അമ്മയുടെ മടിയിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അവ്യാൻ ഛർദിച്ചു, ആരോഗ്യസ്ഥിതി തീരെ വഷളായി 2 ദിവസം ഹോസ്പിറ്റലിൽ ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 29നാണ് ആറുമാസം മാത്രം പ്രായമുള്ള അവ്യാൻ മരിച്ചത്. പിന്നാലെ സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ സഹായധനം കുടുംബം നിരസിച്ചു. പണം ഞങ്ങളുടെ മകനെ തിരിച്ചുതരുമോയെന്ന് അവ്യാന്റെ മുത്തശ്ശി കൃഷ്ണ സാഹു ചോദിക്കുന്നു. കുടിവെള്ളത്തിന് പകരം മലിനജലമാണ് വന്നതെന്ന് അറിഞ്ഞില്ലെന്ന് അവ്യാന്റെ അച്ഛനും പറയുന്നു.
മലിനജലം കുടിച്ച ഭാഗീരഥ് പുരയെന്ന പ്രദേശമാകെ ഇപ്പോൾ സ്തംഭിച്ചു നിൽക്കുകയാണ്. ഓരോ വീട്ടിലും ഏത് നിമിഷവും മരണമെത്തുമെന്ന സ്ഥിതിയാണ്. മേഖലയിലെ രണ്ടായിരത്തിലധികം പേർക്ക് കഴിഞ്ഞ 10 ദിവസത്തിനിടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ 272 പേർ സ്ഥിതി ഗുരുതരമായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. 71 പേർ മാത്രമാണ് ഇതുവരെ ആശുപത്രി വിട്ടത്. 32 പേർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.
2 മാസമായി കുടിവെള്ള പൈപ്പിലൂടെ വരുന്ന വെള്ളം മലിനമാണെന്ന് നാട്ടുകാർ ആവർത്തിച്ച് പരാതി പറഞ്ഞിരുന്നു. ആരും കേട്ടില്ല. ഇത്രയൊക്കെയായിട്ടും മധ്യപ്രദേശ് സർക്കാർ കൃത്യമായി എത്രപേർ മരിച്ചെന്നുപോലും വ്യക്തമായി പറയുന്നില്ല. 4 മരണം മാത്രമാണ് അധികൃതർ ഇന്നലെ വരെ സ്ഥിരീകരിച്ചത്. എന്നാൽ സർക്കാർ 9 മരണം സ്ഥിരീകരിക്കുന്നു. കുറഞ്ഞത് 14 പേരെങ്കിലും ഇതിനോടകം മരിച്ചെന്നാണ് റിപ്പോർട്ടുകൾ.


