മെല്‍ബണ്‍: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള പ്രത്യേക ജഴ്സി പുറത്തിറക്കി. ആൻഡി ഫിയോണ ക്ലാർക്കും കെർട്നി ഹേഗനും ചേർന്നാണ് ഓസ്ട്രേലിയയുടെ തദ്ദേശീയ തീമിൽ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രമുഖ സ്പോർട്സ് ഉൽപ്പന്ന നിർമ്മാതാക്കളായ അസിക്സുമായി സഹകരിച്ചാണ് ഇവർ ജേഴ്സി നിർമ്മിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയുടെ തനതായ സ്വർണ്ണ നിറവും പച്ച ഗ്രേഡിയന്റുമാണ് ജേഴ്സിയിലുള്ളത്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് അവർ.
ലോകകപ്പിനുള്ള ടീമിനെ ഓസ്ട്രേലിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ടിം ഡേവിഡ്, ഗ്ലെൻ മാക്സ്വെല്, മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ്, ആഷ്ടണ്‍ അഗർ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, കെയ്ൻ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ എന്നിവരാണ് ടീമിൽ.